1950-കളിൽ പിറവി കൊണ്ട ഉപ്പായിമാപ്ല എന്ന കാർട്ടൂൺ കഥാപാത്രത്തെ പരിചയമില്ലാത്തവർ ചുരുക്കം. എന്നാൽ കഥാപാത്രത്തിന് ജന്മം നൽകിയ കോഴഞ്ചേരി കുമ്പനാട്ടുകാരൻ കാർട്ടൂണിസ്റ്റ് ജോർജിനെ എത്ര പേർക്ക് പരിചയമുണ്ടെന്നാണ് ചോദ്യം.ഉപ്പായി മാപ്ലയുടെ പിറവിക്ക് പിന്നിൽ ഒരു ചരിത്രമുണ്ട്. ജോർജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ പഠിക്കുന്ന കാലം. വരയോടും കാർട്ടൂൺ രചനയോടും താത്പര്യം കാട്ടിയ ജോർജിനെ ആദ്യം തിരിച്ചറിഞ്ഞത് അന്നത്തെ പ്രിൻസിപ്പാളും പ്രസിദ്ധ കവിയുമായിരുന്ന പുത്തൻകാവ് മാത്തൻ തരകൻ.ഡിഗ്രി പഠനം പൂർത്തിയായ സമയത്ത് മാത്തൻ തരകൻ, ജോർജിനെ വിളിച്ച് പറഞ്ഞു. ഞാൻ ഒരു കത്തുതരും. അതുമായി കോട്ടയത്ത് പോകണം. ഒരു ജോലി തരപ്പെടാതിരിക്കില്ല. ഗുരുമുഖത്തുനിന്നുമുള്ള വാക്കുകൾ കേട്ടതോടെ ജോർജിന് സന്തോഷമായി. പിന്നീട് കത്തുമായി കോട്ടയത്തെത്തി പ്രസാദകരെ കണ്ടു. ജോലി തരപ്പെട്ടു.
അക്കാലത്താണ് വിമോചന സമരത്തിന് പിന്തുണയുമായി അമേരിക്കയിൽ നിന്നും ഡോ. ജോർജ് തോമസും ഭാര്യ റേച്ചൽ തോമസും നാട്ടിലെത്തുന്നത്. കേരളധ്വനി എന്ന പേരിൽ ഒരു പ്രസിദ്ധീകരണം തുടങ്ങാൻ ഡോ. ജോർജ് തോമസ് തീരുമാനിച്ചു. അതോടെ കാർട്ടൂണിസ്റ്റായി ജോർജും സ്ഥാപനത്തിൽ ചേർന്നു. കേരളധ്വനിയുടെ രണ്ടാം ലക്കം മുതൽ മുൻ പേജിൽ ഒരു കാർട്ടൂൺ പ്രത്യക്ഷമായി. കഥാപാത്രത്തിന്റെ പേര് ഉപ്പായിമാപ്ല. നരച്ച രോമത്തോടും , അൽപ്പം കഷണ്ടിയോടും കൂടി 70 കടന്ന ഉപ്പായിമാപ്ല എന്ന കാർട്ടൂൺ കഥാപാത്രം അതോടെ താരമായി.
ആദ്യത്തെ നാലു കാർട്ടൂണുകൾക്ക് താഴെ മാത്രമെ സൃഷ്ടികർത്താവായ ജോർജ് ഒപ്പിട്ടിരുന്നുള്ളൂ. ഇനി മുതൽ ഒപ്പിടണ്ട; പകരം ധ്വനി എന്ന് എഴുതിയാൽ മതിയെന്ന് ഡോ. ജോർജ് തോമസ് നിർദ്ദേശിച്ചു. കാർട്ടൂണിന് നല്ല ആശയം പകർന്നു നൽകാൻ സാക്ഷാൽ വേളൂർ കൃഷ്ണൻകുട്ടിയെയും നിയോഗിച്ചു. ദിവസവും ഉച്ചകഴിഞ്ഞ് വേളൂർ കൃഷ്ണൻ കുട്ടിയും ജോർജും നടക്കാനിറങ്ങും. കുറിക്കുകൊള്ളുന്ന ആശയവുമായിട്ടാ യിരിക്കും തിരികെ എത്തുന്നത്.
ഉപ്പായി മാപ്ലയെ കേരളം ഏറ്റെടുത്തതോടെ ജോർജിനെ നാട്ടുകാർ ഉപ്പായിമാപ്ല എന്ന് വിളിക്കാൻ തുടങ്ങി. ഇതിനിടെ ജോർജിന് ആഫ്രിക്കയിലെ സോമാലാഡിൽ ഇൻഫർമേഷൻ സർവീസിൽ ജോലി കിട്ടി. ജോലി ഉപേക്ഷിച്ച് അദ്ദേഹം അവിടേക്ക് പറന്നു. അതോടെ കേരളധ്വനിയിൽ ഉപ്പായിമാപ്ലയെ വരയ്ക്കാൻ ആളില്ലാതായി. ഈ സമയമാണ് ഫ്രീലാന്റ്സ് കാർട്ടൂണിസ്റ്റായി പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസിന്റെ പ്രവേശനം. കേരള ധ്വനിയുടെ മുൻ പേജിൽ ഉപ്പായിമാപ്ല ടോംസിന്റെ കൈകളാൽ വീണ്ടും സജീവമായി. പിന്നീട് ബോബനും മോളിയും കാർട്ടൂൺ പരമ്പരയിൽ ഉപ്പായിമാപ്ല പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇത് പ്രശ്നമായതോടെ റ്റോംസ് കേരളധ്വനി വിട്ടു.
ടോംസിന്റെ ഒഴിവിൽ പിന്നീടെത്തിയത് കാർട്ടൂണിസ്റ്റ് മന്ത്രിയായിരുന്നു. അദ്ദേഹവും കേരളധ്വനിയിൽ തന്നെ ഉപ്പായിമാപ്ലയെ വരച്ചുതുടങ്ങി. അന്നും ആശയം നൽകിയി രുന്നത് വേളൂർ കൃഷ്ണൻകുട്ടിയാ യിരുന്നു.
അക്കാലത്ത് കൊല്ലത്തുനിന്നും മലയാളരാജ്യം എന്നൊരു പ്രസിദ്ധീകരണം ഉണ്ടായിരുന്നു. അതിൽ കാർട്ടൂണിസ്റ്റ് മന്ത്രി പാച്ചുവും ഗോപാലനും എന്നൊരു പംക്തി കൈകാര്യം ചെയ്തിരുന്നു. പിന്നീട് ഡോ. ജോർജ് തോമസ് മനോരാജ്യം വാരിക ആരംഭിച്ചപ്പോൾ മന്ത്രിയുടെ പാച്ചുവും കോവാലനും അതിൽ ഇടം പിടിച്ചു. കൂട്ടത്തിൽ ഒരുവനായി ഉപ്പായിമാപ്ലയും അതിൽ ഇടം നേടി.
കുട്ടികളുടെ പ്രസിദ്ധീകരണമായ ലാലുവും ലീലയും ഡോ. ജോർജ് തോമസ് ആരംഭിച്ചപ്പോൾ കെ. എസ്. രാജൻ എന്ന കാർട്ടൂണിസ്റ്റ് ഉപ്പായിമാപ്ലയെ അവിടെയും അവതരിപ്പിച്ചു. പിന്നീട് ലാലുവും ലീലയും എന്ന പേരിൽ മനോരാജ്യത്തിലൂം കാർട്ടൂൺ ആരംഭിച്ചപ്പോൾ ഉപ്പായിമാപ്ല എന്ന ഹാസ്യ കഥാപാത്രം അവിടേക്കും കടന്നുകയറി.
ലോക ചരിത്രത്തിൽ സൃഷ്ടാവിനെ കൂടാതെ മൂന്ന് പ്രമുഖ കാർട്ടൂണിസ്റ്റുകൾ ഏറ്റെടുത്ത ഒരു കഥാപാത്രം ഉപ്പായിമാപ്ലയെ കൂടാതെ അധികമില്ല.
അബുദാബി ടി വിയിൽ ജോലി ചെയ്ത യഥാർത്ഥ കാർട്ടൂണിസ്റ്റ് വിവിധ കാർട്ടൂണിസ്റ്റുകളുടെ കരലാളനത്താൽ തന്റെ ഉപ്പായിമാപ്ല ജീവിച്ചിരിക്കുന്ന സത്യം തിരിച്ചറിഞ്ഞിരുന്നു. ജോർജ് 1991‑ൽ ജോലി രാജിവച്ച് നാട്ടിൽ എത്തി. രണ്ടുവർഷം കഴിഞ്ഞപ്പോൾ ഭാര്യ മരിച്ചു. മക്കൾ വിവാഹിതരായി പല സ്ഥലങ്ങളിൽ താമസിക്കുന്നു.
Uppai Mapla - A character drawn by four famous cartoonists!